Feb 22, 2018

Poonthanam Dinam

ഇന്നലെ പൂന്താനം ദിനം
ഒരു നാടിന്റെയും സംസ്‌കൃതിയുടെയും പുണ്യമായി വാഴ്ത്തപ്പെടുന്നത് കവികളുടെ ജീവചരിത്രമാണ്. ആ ചരിത്ര സ്മൃതിയില്‍ ആത്മോല്‍ക്കര്‍ഷം പകരുന്ന അനുഭൂതികളുടെ സഞ്ചിതനിധി പേടകം സമ്മാനിക്കുന്ന മഹാകവിയാണ് ഭക്തകവി പൂന്താനം. ഇന്ന് പൂന്താനം ദിനമായി അദ്ദേഹത്തിന്റെ 'സര്‍ഗ്ഗ കര്‍മ്മ'ങ്ങളുടെ ശ്രീകോവിലായ ഗുരുവായൂരില്‍ ആഘോഷിക്കുന്നു.
മലയാളകാവ്യക്ഷേത്രത്തിന്റെ തിരുനടയില്‍ കൊളുത്തിവച്ചിട്ടുള്ള കെടാവിളക്കുപോലെ പ്രകാശം ചൊരിയുന്ന ഒരു കവന വ്യക്തിത്വത്തിനുടമയാണ് പൂന്താനം. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മഹത്വത്തിനും പ്രസിദ്ധിക്കും പിന്നില്‍ മേല്‍പ്പുത്തൂരിനെപ്പോലെ തന്നെ സുപ്രധാന സ്ഥാനമാണ് പൂന്താനത്തിനുമുള്ളത്. ശ്രീകൃഷ്ണ ഭക്തിയുടെ നിറനിലാവില്‍ ഈ നാടിന്റെ മനസ്സു കുളിര്‍പ്പിച്ച ആ യശോധനമാര്‍ സമകാലീനരായിരുന്നു.
പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂരില്‍ പൂന്താനം ഇല്ലത്താണ് പൂന്താനത്തിന്റെ ജനനം. യഥാര്‍ത്ഥ പേരോ മറ്റു വിവരങ്ങളോ സംശയാതീതമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. 16-ാം നൂറ്റാണ്ടാണുകാലം. ഗുരുവായൂരപ്പന്റെ പരമഭക്തനായി സര്‍വ്വതും സര്‍വേശ്വരനില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
'പൂന്തേനാം പല കാവ്യം
കണ്ണനുനിവേദിച്ച
പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ്‌കോകിലം-എന്ന് വള്ളത്തോള്‍ അനുസ്മരിച്ചിട്ടുള്ളത് പൂന്താനം കവിതയിലേക്കുള്ള ഒരു കടത്തുതോണിയാണ്. കണ്ണനാമുണ്ണിയെക്കാണുമാറാകണം, കാറൊളി വര്‍ണ്ണനെക്കാണുമാറാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മമന്ത്രം. ആ മന്ത്രോച്ചാരണങ്ങള്‍ക്കിടയിലാണ് മനുഷ്യജീവിതത്തിന്റെ വിധി യന്ത്രത്തിരിപ്പുകളെക്കുറിച്ച് പൂന്താനം പാടി നടന്നത്. ആ പാട്ടുകളാണ് ഒരു ജനകീയ കവിയെന്ന നിലയില്‍ മലയാള മനസ്സില്‍ അദ്ദേഹത്തിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തിട്ടുള്ളത്.
ആത്മസമര്‍പ്പണത്തിന്റെ കവിത
കീര്‍ത്തന സാഹിത്യത്തിന്റെ കീര്‍ത്തി പതാകയായി സഹൃദയര്‍ വിശേഷിപ്പിച്ചു പോരുന്ന പൂന്താനത്തിന്റെ കീര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായ ആത്മസമര്‍പ്പണത്തില്‍ നിന്നു രൂപംപൂണ്ടതാണ്. ജ്ഞാനപ്പാന, സന്താനഗോപാലം പാന, ഭാഷാകര്‍ണ്ണാമൃതം, പാര്‍ത്ഥസാരഥീസ്തവം, നാരായണീയ കീര്‍ത്തനങ്ങള്‍, ഗോവിന്ദ കീര്‍ത്തനങ്ങള്‍, ശ്രീകൃഷ്ണ കീര്‍ത്തനങ്ങള്‍, ശ്രീരാമകീര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. ഭാഷയിലെ സങ്കീര്‍ത്തന സാഹിത്യത്തിന് ഭദ്രമായ ഒരടിത്തറയുറപ്പിച്ചിട്ടുള്ളത് ഈ കൃതികളാണ്. ഭക്തിസാഹിത്യത്തിന്റെ തായ്‌വഴിയില്‍ എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിനും പൂന്താനത്തിന്റെ ജ്ഞാനപ്പാനയ്ക്കും ലഭിച്ച അംഗീകാരം പ്രസിദ്ധമാണല്ലൊ.
പാന സംഗീതാത്മകമായി പാടാവുന്ന അല്ലെങ്കില്‍ ചൊല്ലാവുന്ന ഒരു വൃത്തമാണ്. പാനമട്ട് എന്നും പറയും. ആ മട്ടില്‍ എഴുതപ്പെട്ട ജ്ഞാനപ്പാന യഥാര്‍ത്ഥത്തില്‍ ഭക്തിപ്പാനയാണ്. അത് ഭക്തിപ്പാനയല്ല ജീവിതപ്പാന തന്നെയാണെന്ന് സൂക്ഷ്മ പഠനത്തില്‍ ബോധ്യപ്പെടുന്നതാണ്. ജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും വെളിപ്പെടുത്തി, ഹരിനാമോച്ചാരണത്തന്റെ ഭവ്യത വെളിപ്പെടുത്തുന്ന സരളമായ ഒരു വേദാന്തകൃതി കൂടിയാണ്. സാധാരണക്കാരന്റെ ഭഗവദ്ഗീത എന്നു വിശേഷിപ്പിക്കപ്പെടുന്ന സരളമധുരമായ ഈ സങ്കീര്‍ത്തനകാവ്യം ആത്മനിഷ്ഠമായ ജീവിതാനുഭവങ്ങളുടെ ഉലയില്‍ കാച്ചിയെടുത്ത പൊന്നുപോലെ പ്രകാശപൂര്‍ണമാണ്. ജീവിതദര്‍ശനങ്ങള്‍ അഥവാ ദാര്‍ശനിക സത്യങ്ങള്‍ മുനയുള്ള നാരായംപോലെ കേള്‍വിക്കാരുടെ മനസ്സില്‍ തറഞ്ഞുകൊള്ളുംവിധം അദ്ദേഹം ഹൃദയത്തില്‍നിന്നു വിക്ഷേപിക്കുന്നതു ശ്രദ്ധിക്കുക.
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നിനാളെയുമെന്തെന്നറിവീലാ
ഇന്നിക്കണ്ടതടിക്കുവിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീലാ
ഈ ലൗകിക പരമാര്‍ത്ഥങ്ങള്‍ മനസ്സിലാക്കാതെ, ജനിമൃതികള്‍ക്കിടയില്‍ മനുഷ്യജന്മം വഹിക്കുന്ന മോഹങ്ങളും സഹിക്കുന്ന ദുരിതങ്ങളും ചൂണ്ടിക്കാട്ടി ശാശ്വതവും സനാതനവുമായ മോചനത്തിന്റെ മാര്‍ഗ്ഗം തുറന്നിടുകയാണ് പൂന്താനം ഇവിടെ ചെയ്യുന്നത്. 'കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ദന, കൃഷ്ണ ഗോവിന്ദ നാരായണ ഹരേ!- ആ കൃഷ്ണന്‍ മാത്രമേയുള്ളൂ ലൗകിക ഭയങ്ങളില്‍നിന്ന് സംരക്ഷിക്കുവാനും അഭയം നല്‍കുവാനും എന്ന ദൃഢബന്ധമായ വിശ്വാസം! ആ വിശ്വാസമാണ് ഈ കൃതിയുടെ പ്രാണന്‍, താന്‍ ഉപദര്‍ശിച്ച സത്യത്തിന്റെ നിത്യഭാസുരമായ ലോകം തുറന്നിടുകയാണ് കവി ഇവിടെ ചെയ്യുന്നത്.
ജ്ഞാനപ്പാനപ്പോലെ പ്രസിദ്ധമല്ലെങ്കിലും പൂന്താനത്തിന്റെ മറ്റു സങ്കീര്‍ത്തന കാവ്യങ്ങളെല്ലാം തന്നെ കൃഷ്ണഭക്തിയുടെ തീവ്രതകൊണ്ടും ആവിഷ്‌ക്കരണ ഭംഗികൊണ്ടും അന്യാദൃശങ്ങളാണ്. പാനപ്പാട്ടുകള്‍ എന്ന വിഭാഗത്തില്‍ ജ്ഞാനപ്പാന കൂടാതെ സന്താനഗോപാലം പാനയുമുണ്ട്. ഈ രണ്ടു കൃതികളിലൂടെയും ഭക്തിമാര്‍ഗ്ഗത്തിലൂടെ ജനങ്ങളെ ഉദ്ധരിക്കുവാനും ജ്ഞാനമാര്‍ഗ്ഗത്തിലൂടെ ഉദ്ബുദ്ധരാക്കുവാനുമുള്ള ശ്രമമാണ് കവി നിര്‍വഹിച്ചിരിക്കുന്നത്. പൂന്താനം, സാഹിത്യകാരന് സമൂഹത്തോടുള്ള കടമ നിര്‍വഹിക്കുകയാണ് ചെയ്തത് എന്നുതന്നെ പറയാം. എല്ലാം അന്തരാത്മാവിന്റെ പ്രേരണകൊണ്ട് ഒരു നിയോഗ ദൗത്യമെന്നതുപോലെയായിരുന്നു എന്നുകരുതിയാല്‍ മതി,
സ്‌തോത്രകൃതികള്‍.
മണിപ്രവാളത്തില്‍ രചിയ്ക്കപ്പെട്ടിട്ടുള്ള ഭാഷാകര്‍ണ്ണാമൃതം, ഘനസംഘം, നൂറ്റെട്ടു ഹരി തുടങ്ങിയവയാണ് പ്രഖ്യാതങ്ങളായ സ്‌തോത്ര കൃതികള്‍. ഭാഗവതം ദശമസ്‌കന്ധത്തിലെ പ്രസക്ത ഭാഗങ്ങളാണ് കര്‍ണ്ണാമൃതത്തില്‍. അമ്പാടിയും വൃന്ദാവനവും അല്ലാത്ത ഒരു ലോകം പൂന്താനത്തിനു സങ്കല്‍പ്പിക്കാനാവുകയില്ല. വാഗ്‌ദേവതയുടെ അനുഗ്രഹം വാരിക്കോരി കൊടുത്തതുപോലെയുള്ള അനുഭവമാണ് അതിലുള്ളത് എന്നൊതുക്കി പറയട്ടെ. തിരുമാന്ധാംകുന്നിലെ ദേവിയെ സ്തുതിക്കുന്ന ഘനസംഘത്തിലെ
ഘനസംഘമിടയുന്ന
തനുകാന്തി തൊഴുന്നേന്‍
അണിതിങ്കള്‍ക്കല ചൂടും പുരിജട തൊഴുന്നേന്‍ എന്നുതുടങ്ങുന്ന വര്‍ണ്ണനയുടെ ഭംഗി നിര്‍ണയിക്കാനാവുകയില്ല. നിത്യപാരായണത്തിന് വേണ്ടി, ഹരിനാമത്തില്‍ ഓരോ ഈരടിയും അവസാനിക്കുംവിധത്തില്‍ എഴുതിയിട്ടുള്ള കൃഷ്ണസ്തുതിയാണ് നൂറ്റെട്ടുഹരി. കുസുമ മഞ്ജരി വൃത്തത്തിലുള്ള പതിനൊന്നു പദ്യ രത്‌നങ്ങള്‍ കോര്‍ത്തിണക്കിയ ഒരു അര്‍ഘ്യമാല്യമാണ് പാര്‍ത്ഥസാരഥീസ്തവം. ഭാഷയില്‍ മാത്രമല്ല സംസ്‌കൃതത്തിലും പൂന്താനം വ്യുല്‍പത്തിനേടിയിരുന്നുവെന്നതാണ് വാസ്തവം.
ഭക്തിയിലൂടെ ഹൃദയശുദ്ധി വരുത്തുവാനും സാത്വികമായ ഒരു ജീവിതത്തിന്റെ അടിത്തറ ഉറപ്പിക്കുവാനും ശ്രമിച്ച പൂന്താനത്തെക്കുറിച്ചുള്ള കഥകള്‍ എന്തുമായിക്കൊള്ളട്ടെ, ആ മഹത് ജന്മം ഇവിടുത്തെ ഭാഷയിലും സാഹിത്യത്തിലും കൊളുത്തിയ വിളക്കുകളുടെ ഒളി ഒരിക്കലും കെട്ടുപോകുകയില്ല. അതാണ് ഈ നാടിന്റെ സുകൃതം. ആ സുകൃത സ്മൃതിയാണ് പൂന്താനത്തിന്റെ പുണ്യസ്മൃതിയായി നാം ധ്യാനമനസ്സോടെ ആചരിക്കേണ്ടത്..

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...