Mar 1, 2018

Sthapaka dinam

ഇന്ന് യോഗക്ഷേമസഭ സ്ഥാപക ദിനം
നമ്പൂതിരി സമുദായതിന്റെയും അതിന്റെ ആചാരാനുഷ്ടാനങ്ങളിലും സംസ്കാരങ്ങളിലും ഐക്യരൂപമുള്ള മറ്റു സമുദാങ്ങളുടെയും കൂട്ടായ്മയാണ് യോഗക്ഷേമസഭ. “ലോകാ: സമസ്താഃ സുഖിനോ ഭവന്തു” എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട്‌ സമുദായ പുരോഗമനതിലൂടെ സാമൂഹിക ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നമ്മുടേത്‌. കേരളത്തിലെ ബ്രാഹ്മണരുടെ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി 1908 മാര്‍ച്ച് മാസം 02 – ന് (1083 കുംഭം 18) ശിവരാത്രി നാളില്‍ ആലുവയില്‍ ചെറുമുക്ക്‌മനയില്‍ വച്ച് ആദ്യ നമ്പൂതിരി യോഗക്ഷേമസഭ രൂപീകരിച്ചു. ദീര്‍ഘദര്‍ശ്ശികളായ ഒട്ടനവധി സമുദായ അംഗങ്ങളുടെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങള്‍ സാമുദായിക സാംസ്കാരിക മേഖലകളില്‍ കാതലായ മാറ്റത്തിന് വഴികാട്ടിയായിയുണ്ട്. സാമുദായിക, സാംസ്കാരിക ഉന്നമനത്തിനും സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, ആരോഗ്യ മേഖലകളില്‍ സമുദായ അംഗങ്ങള്‍ മുന്നോട്ടു വരുന്നതിനും സഭയുടെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായകരമായിട്ടുണ്ട്.
“യോഗക്ഷേമം” എന്നാല്‍ “ക്ഷേമത്തിനായി ഒന്നിക്കുക”. അങ്ങനെയെങ്കില്‍ സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനാഭാവമാണ് യോഗക്ഷേമസഭ. 1942- ല്‍ തിരുവിതാംകൂറില്‍ നമ്പൂതിരി യോഗക്ഷേമസഭ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. സഭയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ തെക്കന്‍കേരളത്തില്‍ സാമൂഹിക നവോദ്ധാനത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ തന്നെ പല മഹദ് വ്യക്തികളും സഭയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഖനീയമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കാലക്രമേണ നേതൃത്വം ഏറ്റെടുക്കാന്‍ ആളില്ലാതെ സഭയുടെ പ്രവര്‍ത്തനം ഇല്ലാതായി. 1975-ല്‍ തൃശ്ശൂരില്‍ നടന്ന സമ്മേളനത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചുവെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു പോയി. എന്നാല്‍ കാലക്രമത്തില്‍ സഭാപ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ധിഷണാശാലികളും കര്‍മ്മോത്സുകരും ആയ പ്രവര്‍ത്തകര്‍ മുന്നോട്ട് വരികയും സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി സഭ വളരെയധികം ശക്തി പ്രാപിക്കുകയും ചെയ്തു.
ശ്രീ. കുറുര്‍ ഉണ്ണിനമ്പൂതിരിപ്പാട്‌, ശ്രീ. വി.ടി.ഭട്ടതിരിപ്പാട്, ചിറ്റുര്‍ കുഞ്ഞന്‍ നമ്പൂതിരിപ്പാട്‌, കെ.എന്‍. കുട്ടന്‍ നമ്പൂതിരിപ്പാട്‌, എം.ആര്‍.ബി., ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്‌, പി.എ.കേശവന്‍ നമ്പൂതിരി, പി.കെ.പി. നമ്പൂതിരി, ശ്രീമതി ആര്യാ പള്ളം, ശ്രീമതി നെന്‍മിനി പാര്‍വ്വതി അന്തര്‍ജ്ജനം, ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനം, ശ്രീമതി ദേവകി നിലയങ്ങോട് തുടങ്ങിയവരുടെയും മറ്റ് ചിലരുടെയും പ്രവര്‍ത്തനങ്ങള്‍ സമുദായ അംഗങ്ങള്‍ക്ക് പ്രചോദനമായിട്ടുമുണ്ട്. പ്രവര്‍ത്തന സൌകര്യാര്‍ത്ഥം ഉപസഭ/ ജില്ലാസഭ/ കേന്ദ്രസഭ എന്നിങ്ങനെ മൂന്നു തലങ്ങളിലായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിഭജിച്ചിരിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും, കന്യാകുമാരി ജില്ലയിലുമായി 35000 ത്തില്‍ പരം അംഗങ്ങളുള്ള സഭ ഇന്നു കാണുന്ന രീതിയില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി വളര്‍ത്തി കൊണ്ടു വന്നതിനു പിന്നില്‍ സേവനതത്പരരായ പ്രവര്‍ത്തകരുടെ സഹകരണങ്ങള്‍ മറക്കാനാവാത്തതാണ്. കേരളരാഷ്ട്രീയത്തില്‍ പോലും സ്വാധീനിക്കുവാന്‍ തക്ക ശക്തിയും ബലവും പൊതുജനസമ്മിതിയും ഉള്ള പ്രബലമായ ഒരു സമുദായസംഘടനയാണ് ഇന്നു യോഗക്ഷേമസഭ.
യോഗക്ഷേമസഭയില്‍ മാതൃസഭ കൂടാതെ വനിത, യുവജന, ബാല വിഭാഗങ്ങളിലായി അംഗങ്ങള്‍ കര്‍മ്മോത്സുകരായി പ്രവര്‍ത്തിക്കുന്നു. അംഗങ്ങള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കാനും സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാകാനും സ്വയശാക്തീകരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങളും, വനിതകള്‍ക്കായുള്ള മൈക്രോഫിനാന്‍സ് പദ്ധതി, അവശത അനുഭവിക്കുന്ന സമുദായ അംഗങ്ങള്‍ക്കായി പെന്‍ഷന്‍ പദ്ധതി, വിദ്യാഭാസരംഗത്തെ പുരോഗതിക്കു വേണ്ടി വിദ്യനിധി, ആതുരശുശ്രൂഷ നിധി, അതിഥി മന്ദിരം എന്നിങ്ങനെ വിവിധതരം സേവനങ്ങള്‍ ഇന്നു സഭയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നു. ഭാരതീയ പൈതൃകവും സനാതനധര്‍മ്മ സംരക്ഷണത്തിനും ഉതകുന്ന രീതിയിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പില്ലാക്കി വരുന്നതില്‍ ഇന്നു ജില്ലകളും ഉപസഭകളും മുന്നോട്ട് വരുന്നതു അഭിമാനകരമാണ്...
ലോകത്തിന്‍റെ നന്മയ്ക്കായും സമുദായത്തിന്‍റെ വളര്‍ച്ചയ്ക്കായും ഇനിവരും നാളുകളിലും നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം... ജയ് ജയ് യോഗക്ഷേമസഭ...
കടപ്പാട്: യോഗക്ഷേമസഭ ആറ്റിങ്ങൽ ഉപസഭ

No comments:

Post a Comment

  ചില സാങ്കേതിക കാരണങ്ങളാൽ ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ അപ്ഡേറ്റഡ് അല്ല  പുതിയ വിവരങ്ങൾ അറിയുവാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക : https:/...